Tuesday, 2 April 2013

വേനലവധിയിലെ മുങ്ങിമരണം
വീണ്ടും ഒരു വേനലവധിക്കാലം കൂടെ വരികയാണ്. എന്റെ അവധിക്കാലം ഞാന്‍ ഇപ്പോഴും ഇന്നലത്തെപ്പോലെ ഓര്‍ക്കുന്നു. വിഷുവിന് പടക്കം വാങ്ങാന്‍ കശുമാങ്ങ പെറുക്കി വില്ക്കുന്നതും, പാടത്ത് ക്രിക്കറ്റ് കളിക്കുന്നതും മാവിന്റെ ചുവട്ടില്‍ മാമ്പഴം ചാടുന്നതും നോക്കി തപസ്സു് ചെയ്യുന്നതും എല്ലാം.
പക്ഷെ ഇപ്പോഴത്തെ ഓരോ വേനലവധിക്കാലവും ഞാന്‍ പേടിയോടെയാണ് നോക്കിക്കാണുന്നത്. ഓരോ വര്‍ഷവും വേനലവധിക്കാലത്ത് ഡസന്‍ കണക്കിന് കുട്ടികളാണ് മുങ്ങി മരിക്കുന്നത്. ഇത് വര്‍ഷാവര്‍ഷം കൂടി വരുന്നു. ആനന്ദകരമാകേണ്ട വേനലവധിക്കാലം കേരളത്തിലെ ചില കുടുംബങ്ങളെയെല്ലാം തീരാദുഃഖത്തില്‍ ആഴ്ത്തുന്നു. സ്കൂള്‍ തുറന്നു ക്ലാസ്സുകള്‍ തുടങ്ങുമ്പോള്‍ ചില കൂട്ടുകാരെങ്കിലും പരീക്ഷയും ക്ലാസ്സുകളും ഇല്ലാത്ത ലോകത്ത് നിന്ന് മടങ്ങി വരാതിരിക്കുന്നു.


എന്റെ ക്ലാസ്‍മേറ്റായിരുന്ന ഷിബു ജോണ്‍ അങ്ങനെ അവധിക്കാലത്തുനിന്നും മടങ്ങി വന്നില്ല. വീടിന്റെ അടുത്തുള്ള കുളത്തില്‍ നീന്തല്‍ പഠിക്കാന്‍ പോയതായിരുന്നു, ഒറ്റക്ക്. കുറച്ചുകഴിഞ്ഞ് വല്ല്യമ്മ ചെന്നു നോക്കുമ്പോള്‍ പൊങ്ങിക്കിടക്കുന്ന രണ്ടുണക്കത്തേങ്ങ മാത്രം. അതു തമ്മില്‍ ഒരു പ്ലാസ്റ്റിക് കയറുകൊണ്ട് ബന്ധിപ്പിച്ച് അതായിരുന്നു ലൈഫ്ബോയ് ആയി ഉപയോഗിച്ചിരുന്നത്.
ഒരു സുരക്ഷാ വിദഗ്ദ്ധനെന്ന നിലക്ക് ഇന്നെനിക്ക് അതെത്ര ബുദ്ധിമോശം ആണെന്നറിയാം. പക്ഷെ ഞാനും നീന്തല്‍ പഠിച്ചത് വലിയ ഒരു വാഴത്തട വെളളത്തില്‍ വെട്ടിയിട്ടാണ്. ഭാഗ്യത്തിനാണ് ഞാനെല്ലാം രക്ഷപ്പെട്ടത്. ഇപ്പോഴും നമ്മുടെ നാട്ടില്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കാനായി കിട്ടുന്നു അനവധി ഉപാധികള്‍ (വലിയ റിംഗ്, ബോള്‍, കയ്യില്‍ കെട്ടുന്ന ഫ്ലോട്ടുകള്‍) ഒന്നും പൂര്‍ണ്ണമായും സുരക്ഷിതമല്ല.

ഒരു വര്‍ഷം കേരളത്തില്‍ ആയിരത്തി എണ്ണൂറോളം പേരാണ് മുങ്ങിമരിക്കുന്നത്. അതായത് ശരാശരി ദിവസം അഞ്ചിനോടടുത്ത്. ജനസംഖ്യാനുപാതികമായി ഇന്ത്യയിലെ ഏറ്റവും വലിയ സംഖ്യയാണിത്. ഏറ്റവും സങ്കടം ഇതില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളോ കുട്ടികളോ ആണെന്നതാണ്. ഒരു സുരക്ഷാ വിദഗ്ദ്ധനെ സംബന്ധിച്ചിടത്തോളം ഏറ്റവും സങ്കടം ഇവ ഓരോന്നും നിസാരമായ മുന്‍കരുതല്‍ എടുത്താല്‍ ഒഴിവാക്കാനാവുന്നവ ആണെന്നതാണ്.

കഴിഞ്ഞ അഞ്ചു വഷത്തിനിടയി നടന്ന ചില വലിയ മുങ്ങി മരണങ്ങ ബോട്ട് അപകടത്തി ആയിരുന്നല്ലൊ. അത് കൊണ്ട് ബോട്ടുകളിലും വഞ്ചികളിലും ഒക്കെ ലൈഫ്ബോയ് ഇല്ലാത്തതാണ് മുങ്ങിമരണം ഇത്രയും കൂടാന്‍ കാരണം എന്നതാണെന്നൊരു ചിന്ത ആളുകള്‍ക്കും അധികാരികള്‍ക്കും ഉണ്ട്. ബോട്ടുകളിലും വഞ്ചികളിലും സ്വിമ്മിംഗ് പൂളുകളിലും ബീച്ചുകളിലും എല്ലാം നിലവാരമുള്ള ലൈഫ്ബോയ്‍കള്‍ തീര്‍ച്ചയായും വേണം. പക്ഷെ മരണസംഖ്യ ഇതുകൊണ്ട് കാര്യമായി കുറയുകയില്ല. 2010ല്‍ 1732 ആളുകള്‍ മുങ്ങിമരിച്ചതില്‍ 21 പേരാണ് വഞ്ചിയോ ബോട്ടോ മറിഞ്ഞ് മരിച്ചത്. കഴിഞ്ഞ മുപ്പതു വര്‍ഷത്തെ ശരാശരി എടുത്താ മുങ്ങി മരിക്കുന്നവരി അഞ്ചു ശതമാനത്തിലും താഴെ ആണ് വഞ്ചിയോ ബോട്ടോ മുങ്ങി മരിക്കുന്നതു്. അപ്പോള്‍ ബോട്ടിലോ വഞ്ചിയിലോ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ വച്ചതുകൊണ്ടുമാത്രം മരണസംഖ്യ നിര്‍ണ്ണായകമായി കുറച്ചുകൊണ്ട് വരാന്‍ പറ്റില്ലെന്നു മനസ്സിലാക്കാമല്ലോ
വര്‍ദ്ധിച്ചുവരുന്ന മുങ്ങിമരണങ്ങള്‍ കുറക്കാന്‍, കേരളത്തില്‍ പ്രധാനമായും ചെയ്യുന്നത് കുട്ടികളെ നീന്തല്‍ പഠിപ്പിക്കുന്നതാണ്. കുട്ടികളെ നീന്തല്‍ പഠിപ്പിക്കുന്നത് ഏറ്റവും നല്ല കാര്യമാണ്, നിര്‍ബന്ധം ആക്കേണ്ടതും ആണ്. പക്ഷെ, മരണസംഖ്യ കുറക്കാന്‍ അതുമാത്രം പോരാ. മരിക്കുന്ന കുട്ടികളില്‍ മൂന്നിലൊന്നെങ്കിലും ആറുവയസ്സില്‍ താഴെയുള്ളവര്‍ ആണ്. മുറ്റത്ത് തെങ്ങു വെക്കാന്‍ എടുക്കുന്ന കുഴി മുതല്‍ ഫ്ലാറ്റിലെ ബക്കറ്റില്‍ വരെ വീണാണ് കുട്ടികള്‍ മരിക്കുന്നത്. വെള്ളത്തിലെ അപകടസാധ്യതയെപ്പറ്റി, അപകടസാധ്യതയുള്ള വെള്ളത്തിന്റെ സ്രോതസ്സുകളെപ്പറ്റി മുതിര്‍ന്നവര്‍ക്കുള്ള അറിവുകുറവാണ് ഇതിനു കാരണം. സ്വിമ്മിംഗ് പൂളില്‍ നീന്തലറിയാവുന്ന കുട്ടികള്‍ക്കുപോലും ചെളിയുള്ള കുളത്തിലോ ഒഴുക്കുള്ള നദിയിലോ വെള്ളം അപകടകാരി ആണ്. അപ്പോള്‍ വെള്ളത്തിന്റെ അപകടസാധ്യതയെപ്പറ്റി കുട്ടികളേയും മുതിര്‍ന്നവരേയും ഒരു പോലെ പഠിപ്പിക്കുന്നതാണ് മുങ്ങിമരണം കുറക്കാന്‍ ഏറ്റവും വേണ്ടത്. അതുകൊണ്ടുതന്നെ ചെറിയ കുട്ടികള്‍ക്ക് എത്താവുന്നയിടത്തു വെള്ളത്തിന്റെ ചെറിയ സ്രോതസ്സുപോലും ഒഴിവാക്കുക. വലിയ കുട്ടികള്‍ വെള്ളത്തില്‍ കുളിക്കുകയോ കളിക്കുകയോ ചെയ്യുമ്പോള്‍ നീന്തലറിയാവുന്നവരും ഉത്തരവാദിത്തപ്പെട്ടവരും കൂടെയുണ്ടായിരിക്കുക എന്നത് നിര്‍ബന്ധമാക്കണം.

കേരളത്തിന് ഓരോ വര്‍ഷവും കിട്ടുന്ന കുട്ടികളുടെ ധീരതാ മെഡലിന്റെ ഭൂരിഭാഗവും (ചിലപ്പോള്‍ മുഴുവനും) കിട്ടുന്നത് വെള്ളത്തില്‍ മുങ്ങിത്താഴാന്‍ പോകുന്നവരെ സാഹസികമായി രക്ഷപ്പെടുത്തുന്നവര്‍ക്കാണ്. ഇതെന്നെ ഏറ്റവും സങ്കടപ്പെടുത്തുന്നു. ഒന്നാമത് വെള്ളത്തില്‍ വീഴുന്നവരെ സാഹസികമായി രക്ഷപ്പെടുത്താന്‍ പോകുന്നത് ഏറ്റവും ബുദ്ധിമോശമാണ്. കരയില്‍നിന്ന് കയ്യെത്തിച്ചോ, കയറോ തുണിയോ ഇട്ടുകൊടുത്തോ, വള്ളത്തില്‍ നിന്നോ മാത്രമേ മറ്റുള്ളവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാവൂ. സാഹസികമായി രക്ഷപെടുത്തുന്ന അഞ്ചോ ആറോ പേര്‍ക്ക് പ്രസിഡണ്ടിന്റെ മെഡലും മറ്റു കുറെപ്പേര്‍ക്ക് നാട്ടുകാരുടെ അനുമോദനവും കിട്ടിയേക്കാം. അതുപക്ഷെ മറ്റു കുട്ടികള്‍ക്ക് തെറ്റായ സുരക്ഷാ സന്ദേശം ആണ് നല്കുന്നത്. “ധീരന്‍മാരായി അനുമോദനം നേടുന്ന ഓരോ കുട്ടിക്കും പകരം ഒന്നോ അതിലധികമോ കുട്ടികള്‍ മറ്റുള്ളവരെ തെറ്റായ രീതിയില്‍ രക്ഷിക്കാന്‍ ശ്രമിച്ച് സ്വയം മരണത്തിലേക്ക് എടുത്തുചാടുകയാണ്”. വെള്ളത്തില്‍ കുളിക്കാനോ കളിക്കാനോ യാത്രക്കോ പോകുമ്പോള്‍ അപകടസാധ്യതയുണ്ടെന്നു മുന്നില്‍ക്കണ്ട് അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഉപയോഗിക്കാനുള്ള സുരക്ഷാ സംവിധാനങ്ങള്‍ മുന്‍കൂട്ടി ലഭ്യമാക്കുകയാണ് കുട്ടികളുടെ സുരക്ഷാ താല്പര്യമുള്ള ഒരു സമൂഹം ചെയ്യേണ്ടത്.

എന്റെ അവധിക്കാലത്തെ ആഘോഷമാക്കിയതില്‍ ഒരു വലിയ പങ്ക് തെക്കേ കുളത്തിലെ കുളിയും ചേച്ചിമാരും കൂട്ടുകാരും ഒക്കെകൂടി വെള്ളത്തില്‍ നീന്തിയും മുങ്ങിയുമൊക്കെ കളിച്ചിരുന്നതാണ്. തലമുറയിലെ കുട്ടികളും അങ്ങനെതന്നെ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. വര്‍ദ്ധിച്ചുവരുന്ന മുങ്ങിമരണങ്ങളെപ്പേടിച്ച് കുട്ടികളെ വീട്ടിലിരുത്തുകയല്ല വേണ്ടത്. മറിച്ച് അവരെ നീന്തല്‍ പഠിപ്പിക്കുകയും സുരക്ഷിതമായി വെള്ളത്തില്‍ കളിക്കാനും കുളിക്കാനും ഒക്കെയുള്ള സംവിധാനവും സാഹചര്യവും ഉണ്ടാക്കുകയും ആണ്.
അവധിക്കാലത്തെങ്കിലും വെള്ളത്തില്‍ നിന്ന് ജീവനോടെ മടങ്ങിവരാത്ത കൂട്ടുകാര്‍ ഉണ്ടാകാതിരിക്കട്ടെ.

കുട്ടികളുടെ ജലസുരക്ഷയ്ക്ക് ചില മാര്‍ഗങ്ങള്‍

1.      ജലസുരക്ഷയെപ്പറ്റി കുട്ടികളെ ചെറുപ്പത്തിലെ മനസ്സിലാക്കുക. തീ പോലെ വെള്ളം കുട്ടികള്‍ക്ക് പേടിയോ മുന്നറിയിപ്പോ നല്‍കുന്നില്ല. മുതിര്‍ന്നവര്‍ ഇല്ലാതെ വെള്ളത്തിലേക്ക് ഇറങ്ങരുതെന്നു അവരെ നിര്‍ബന്ധമായും പറഞ്ഞു മനസ്സിലാക്കുക. അത് ഫ്ലാറ്റിലെ സ്വിമ്മിംഗ് പൂള്‍ ആയാലും ചെറിയ കുളം ആയാലും കടലായാലും.

2.      സാഹചര്യം ഉള്ള എല്ലാവരും കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ ശ്രമിക്കുക, ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും.

3.      അവധിക്കു ബന്ധുവീടുകളില്‍ പോകുന്ന കുട്ടികളോട് കൂട്ടുകാരുടെ കൂടെ മാത്രം വെള്ളത്തില്‍ മീന്‍ പിടിക്കാനോ, യാത്രക്കോ, കുളിക്കാനോ, കളിക്കാനോ പോകരുതെന്ന് പ്രത്യേകം നിര്‍ദ്ദേശിക്കുക. വലിയവര്‍ കൂടെ ഉണ്ടെങ്കില്‍ മാത്രമേ ഈ കാര്യങ്ങള്‍ ചെയ്യാവൂ. വിരുന്നു പോകുന്ന വീടുകളിലെ മുതിര്‍ന്നവരേയും ഇക്കാര്യം ഓര്‍മ്മിപ്പിക്കുന്നത് നല്ലതാണ്.

4.      വെള്ളത്തില്‍ വച്ച് കൂടുതലാകാന്‍ വഴിയുള്ള അസുഖങ്ങള്‍ (അപസ്മാരം, മസ്സില്‍ കയറുന്നത്, ചില ഹൃദ്രോഗങ്ങള്‍) ഉള്ള കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക, കൂട്ടുകാരോടും ബന്ധുക്കളോടും അത് പറയുകയും ചെയ്യുക.

5.      വെള്ളത്തിലേക്ക്‌ പോകുമ്പോള്‍ എന്തെങ്കിലും അപകടം പറ്റിയാല്‍ കൂട്ടുകാരെ രക്ഷപ്പെടുത്താനുള്ള സംവിധാനം കൂടെ കരുതാന്‍ ബോധിപ്പിക്കുക. ലൈഫ് ബോയ്‌ കിട്ടാനില്ലാത്തവര്‍ ഒരു ഇരുചക്രവാഹനത്തിന്റെ വീര്‍പ്പിച്ച ട്യൂബില്‍ ഒരു നീണ്ട പ്ലാസ്റ്റിക്‌ കയര്‍ കെട്ടിയാല്‍ പോലും അത്യാവശ്യ സാഹചര്യത്തില്‍ ഏറെ ഉപകരിക്കും.

6.      ഒരു കാരണവശാലും മറ്റൊരാളെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക്‌ എടുത്തു ചാടരുതെന്ന് കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക. കയറോ കമ്പോ തുണിയോ നീട്ടിക്കൊടുത്തു വലിച്ചു കയറ്റുന്നത് മാത്രമാണ് സുരക്ഷിതമായ മാര്‍ഗ്ഗം. അതിനു സാധിക്കുന്നില്ലെങ്കില്‍ ഒച്ച വച്ച് മുതിര്‍ന്ന ആളുകളെ വരുത്തുക.

7.      വെള്ളത്തില്‍ യാത്രക്കോ കുളിക്കാനോ കളിക്കാനോ പോകുന്ന പെണ്‍കുട്ടികളോട് അവരുടെ വസ്ത്രധാരണത്തില്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ പറയുക. മിക്കവാറും കേരളീയവസ്ത്രങ്ങള്‍ അപകടം കൂട്ടുന്നവയാണ്. ഒന്നല്ലെങ്കില്‍ വെള്ളത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ബുദ്ധിമുട്ടുണ്ടാക്കാത്ത വസ്ത്രങ്ങള്‍ ധരിക്കുക, അല്ലെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കുക.

8.      വെള്ളത്തിലേക്ക്‌ എടുത്തു ചാടാതിരിക്കുക. വെള്ളത്തിന്റെ ആഴം കുറവായിരിക്കാം, ചെളിയില്‍ പൂഴ്‍ന്നു പോകാം, തല പാറയിലോ കൊമ്പിലോ പോയി അടിക്കാം. സാവധാനം, ഒഴുക്കും ആഴവും മനസ്സിലാക്കി ഇറങ്ങുന്നതാണ് ശരി.

9.      ഒഴുക്കുള്ള വെള്ളത്തിലും പുഴയിലും ആഴം ഇല്ലാത്തതു കൊണ്ടുമാത്രം കുട്ടികള്‍ സുരക്ഷിതരല്ല. ബാലന്‍സ് തെറ്റി വീണാല്‍ ഒരടി വെള്ളത്തിലും മുങ്ങി മരണം സംഭവിക്കാം.

10.  സ്വിമ്മിംഗ് പൂളിലെ ഉപയോഗത്തിനായി കമ്പോളത്തില്‍ കിട്ടുന്ന വായു നിറച്ച റിംഗ്, പൊങ്ങി കിടക്കുന്ന ഫ്ലോട്ട്, കയ്യില്‍ കെട്ടുന്ന ഫ്ലോട്ട് ഇവ ഒന്നും പൂര്‍ണ്ണമായും സുരക്ഷ നല്‍കുന്നില്ല. ഇതുള്ളതുകൊണ്ട് മാത്രം മുതിര്‍ന്നവരുടെ ശ്രദ്ധ ഇല്ലാതെ വെള്ളത്തില്‍ ഇറങ്ങരുത്.

11.  ഇരുട്ടിയത്തിനു ശേഷം വെള്ളത്തില്‍ ഇറങ്ങരുത്. അതുപോലെ തിരക്കില്ലാത്ത ബീച്ചിലോ ആളുകള്‍ അധികം പോകാത്ത തടാകത്തിലോ പുഴയിലോ ഒന്നും പോയി ചാടാന്‍ ശ്രമിക്കരുത്.

12.  സുഖമില്ലാത്തപ്പോഴോ, ചില മരുന്നുകള്‍ കഴിക്കുമ്പോഴോ മദ്യപിച്ചതിന് ശേഷമോ വെള്ളത്തില്‍ ഇറങ്ങരുത്.
Thursday, 3 January 2013

മിസ്‍ഡ് കാളില്‍ വീഴുന്ന പെണ്‍കുട്ടികള്‍

സ്ത്രീകളുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ച്  "ചുമ്മാ ഒന്നു ട്രൈ" ചെയ്യുന്നത് ഇപ്പോള്‍ കേരളത്തിലെ പ്രധാന  വിനോദം ആണെന്നു തോന്നുന്നു.  ഫോണ്‍ കയ്യിലുള്ള പെണ്‍കുട്ടികളിലോ  സ്ത്രീകളിലോ ഒരിക്കലെങ്കിലും ഇത്തരം ഞരമ്പുരോഗികളുടെ ശല്യം അനുഭവിക്കാത്തവര്‍ ഉണ്ടാകില്ല.  കൊച്ചു പെണ്‍കുട്ടികള്‍ക്ക് ഫോണ്‍ വാങ്ങിക്കൊടുക്കാന്‍ അച്ഛനമ്മമാര്‍  (പ്രത്യേകിച്ചും അമ്മമാര്‍) മടിക്കുന്നതിന്റെ പ്രധാന കാരണവും ഇതാണ്.

ഈ പ്രശ്നം ഇത്ര വ്യാപകമായിട്ടും ഇപ്പോഴും നിലനില്ക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ട്.  ഒന്നാമതായി ഭൂരിഭാഗം ശല്യക്കാരും പേടിത്തൊണ്ടന്മാരാണ്.  സത്യത്തില്‍ സ്ത്രീകളോട് നേരിട്ട് സംസാരിക്കാനുള്ള പേടിയും തന്ത്രക്കുറവും ഒക്കെയുള്ളവരാണിവരില്‍ ഭൂരിഭാഗവും.  "കഴുതക്കാമം കരഞ്ഞു തീര്‍ക്കും" എന്നൊക്കെ പറയുന്നപോലെ  സ്ത്രീകളോ അതോ  വീട്ടിലെ പുരുഷന്മാര്‍  (കുട്ടികള്‍ ഉള്‍പ്പെടെ) ആരെങ്കിലും തിരിച്ചൊന്നു വിരട്ടുന്നതോടെ ആ നമ്പര്‍ ഉപേക്ഷിച്ച് ഇഷ്ടന്‍  സ്ഥലം വിടും.

രണ്ടാമത്തെ കാര്യം, ഒന്നോ രണ്ടോ  പ്രാവശ്യം വിളിച്ചു ശല്യം ചെയ്താലും ഭൂരിഭാഗം  സ്ത്രീകളും പോലീസില്‍ പോയിട്ട്  സ്വന്തം ഭര്‍ത്താവിന്റേയോ  അച്ഛന്റേയോ അടുത്തുപോലും പറയില്ല.  ആ നമ്പറ്‍  കാണുമ്പോള്‍ കട്ടു ചെയ്യുകയോ എടുക്കാതിരിക്കുകയോ ചെയ്യും.  ചുമ്മാ അതിന്റെ പേരില്‍ ഒരു പ്രശ്നമുണ്ടാക്കേണ്ട എന്ന തോന്നലാണിതിനു പിന്നില്‍.  വഴിയരികില്‍ കമന്റ് അടിക്കുന്ന പൂവാലന്മാരും തിരക്കുള്ള ബസ്സില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നവരും ഈ അക്കൗണ്ടിലാണ് രക്ഷപ്പെടുന്നത്.

മൂന്നാമതായി സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടാല്‍ തന്നെ ഈ ശല്യക്കാരെ വിളിച്ചൊന്നു വിരട്ടി വിടുകയല്ലാതെ മാതൃകാപരമായി ശിക്ഷിക്കാറില്ല.  കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടക്ക് ഫോണ്‍ വിളിച്ചു  ശല്യപ്പെടുത്തിയതിന് ഏതെങ്കിലും മലയാളി ശിക്ഷിക്കപ്പെട്ടതായി കേട്ടിട്ടുണ്ടോ?  ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തുന്നത് "അത്ര വലിയ ഒരു കുറ്റം" ആയി ആരും കാണുന്നില്ല. പണ്ടൊക്കെ കുളക്കടവില്‍ പെണ്ണുങ്ങള്‍ കുളിക്കുമ്പോള്‍ ഒളിഞ്ഞു നോക്കുന്നവരെ പോലെ ഉള്ള ഒരു "തല്ലു കൊള്ളിത്തരം" അത്രേ ഉള്ളൂ, കയ്യോടെ പിടിച്ചാല്‍ അടി, അത് തന്നെ, അല്ലാതെ കേസും കൂട്ടവും ഒന്നും ഇല്ല.   “അവരെയെല്ലാം പിടിച്ച് ജയിലിലിടാന്‍ നോക്കിയാല്‍ ജയില്‍ വേറെ പണിയേണ്ടി വരും" എന്നതായിരിക്കും കുറ്റാന്വേഷകരുടെ ചിന്ത.  പക്ഷെ, വാസ്തവത്തില്‍ ഒരു ലക്ഷം പേരെ ഒന്നും ജയിലില്‍ ഇടേണ്ട കാര്യമില്ല.  ഒരു പത്തു പേര്‍ക്ക് മാതൃകാപരമായ ശിക്ഷ കിട്ടുകയും അത് വ്യാപകമായി പ്രസിദ്ധപ്പെടുത്തുകയും ചെയ്താല്‍ പ്രശ്നം തീരും.  ഇപ്പോഴത്തെ ഇതിന്റെ നിയമം എന്താണെന്ന് എനിക്കറിയില്ല.  പക്ഷെ മറ്റുള്ളവരെ മനഃപ്പൂര്‍വം വിളിച്ച് ശല്യം ചെയ്യുന്നവര്‍ക്ക് ചുരുങ്ങിയത് മൂന്നു ശിക്ഷകള്‍ എങ്കിലും കൊടുക്കണം എന്നാണെന്റെ പക്ഷം.

1. ശല്യം ചെയ്യുന്നവരുടെ പേരും വിലാസവും ഫോണ്‍ നമ്പറും സൈബര്‍ സെല്ലിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുക. അവരെ പിന്നെ നാറ്റിക്കുന്ന പണി  പബ്ലിസിറ്റി ഫേസ് ബുക്ക്‌ അക്ടിവിസ്റ്സ് നോക്കിക്കോളും.
2. ശല്യക്കാരുടെ കുടുംബാഗങ്ങളെ സത്യമായ പരാതികളെപ്പറ്റി അറിയിക്കുക.
3. ശല്യക്കാര്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനുള്ള അനുമതി  റദ്ദാക്കുക.

സ്ത്രീകളെ ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തുന്നത് മൊബൈല്‍ഫോണ്‍ കാലത്തെ  കണ്ടുപിടുത്തം  ഒന്നും  അല്ല കേട്ടോ.  ഒരോ നമ്പറുകള്‍ ചുമ്മാ വിളിച്ച് എടുക്കുന്നത് സ്ത്രീകളാണെങ്കില്‍ ഓരോ കൊച്ചുവര്‍ത്തമാനം പറയാന്‍ ശ്രമിക്കുന്നവര്‍ പണ്ടും ഉണ്ടായിരുന്നു.  പക്ഷെ മിക്കവാറും കുടുംബത്തില്‍ ഒരു ഫോണ്‍ മാത്രം ഉള്ളതിനാലും ആ ഫോണ്‍ ആരു വേണമെങ്കിലും എടുക്കാമെന്നതിനാലും ഇതൊരല്പം "ഹിറ്റ് ആന്റ് മിസ്" പരിപാടിയാണ് അന്ന് .  പോരാത്തതിന് ഇന്നലെ എടുത്തത് പെണ്‍കുട്ടിയാണെന്നതുകൊണ്ടു മാത്രം ഇന്ന് ആ നമ്പറില്‍ പെണ്‍കുട്ടി ഉണ്ടായിക്കൊള്ളണം എന്നില്ലല്ലോ.  അപ്പോള്‍ കാശുകളയാന്‍ റെ‍ഡിയായവരും  നിര്‍ബന്ധബുദ്ധിക്കാരും ഒക്കെ മാത്രമേ അക്കാലത്ത് ഈ പണിക്ക് ഇറങ്ങിത്തിരിക്കാറുള്ളൂ.

എന്റെ ഒരു ബന്ധുവീട്ടിലേക്ക് അക്കാലത്ത് ഫോണ്‍ വിളിച്ച് ശല്യം ചെയ്യുന്ന ഒരു വിരുതന്‍ ഉണ്ടായിരുന്നു.  ഇടക്കെല്ലാം വിളിക്കും.  പെണ്‍കുട്ടികളാണ് എടുക്കുന്നത് എന്നു വച്ചാല്‍ പിന്നെ കൊച്ചു വര്‍ത്തമാനത്തിനുള്ള ശ്രമമായി.   ചീത്ത പറഞ്ഞ് അവര്‍ മടുത്തു.  ശല്യക്കാരന്‍ വിടുന്നില്ല.  അക്കാലത്ത് കോളര്‍ ഐഡി സംവിധാനം ഒന്നും ഇല്ല.  അതുകൊണ്ട് ഇതാരണെന്നറിയാനോ തിരിച്ചു വിളിച്ച് രണ്ടു പറയാനോ പറ്റാറുമില്ല.

ആയിടെ അവരുടെ ബന്ധുവായ ഒരു പോലീസ് ഓഫീസര്‍ വീട്ടില്‍ വന്നു.  അദ്ദേഹത്തോട് അവര്‍ ഇക്കാര്യം പറഞ്ഞു.  “അതു ശരി, ഞാനിവിടെയുള്ള സമയത്താണ് അവന്‍ വിളിക്കുന്നതെങ്കില്‍ അവനെ ഞാന്‍ ശരിയാക്കിത്തരാം"  എന്നദ്ദേഹം ഉറപ്പും കൊടുത്തു.

കഷ്ടകാലത്തിന് വലിയ താമസമില്ലാതെ ഫോണ്‍ ബെല്ലടിച്ചു.  ഫോണ്‍ എടുത്ത കുട്ടിക്ക് അത് ശല്യക്കാരനാണെന്നു തോന്നി.

“അയാളാണെന്നാ തോന്നുന്നേ മാമാ" കുട്ടി പറഞ്ഞു.

“കുട്ടികളും സ്ത്രീകളും അപ്പുറത്തേക്കു പൊക്കോ" അദ്ദേഹം പറഞ്ഞു.

പിന്നേ ഫോണ്‍ എടുത്ത് പോലീസു ഭാഷയില്‍ ഒരു അഞ്ച് മിനുട്ട് "അമിട്ടു പൊട്ടിച്ചു .... "
മറ്റേ വശത്തെ ഫോണ്‍ വച്ചിട്ട് അയാള്‍ ഓടിയിട്ടുണ്ടാകണം.
സന്ദര്‍ശനം കഴിഞ്ഞ് പോലീസ് മാമന്‍ പോയി.  പിന്നെ അന്ന് ഒരു ശല്യവും ഉണ്ടായില്ല.

വൈകിട്ട് വീട്ടിലേക്ക് പിന്നേയും ഫോണ്‍ വന്നു.  ആ വീട്ടിലേക്കു കല്യാണം ഉറപ്പിച്ചു വച്ചിരിക്കുന്ന   പയ്യനാണ്.  
പെണ്‍കുട്ടി അന്നത്തെ പോലീസ് മാമന്റെ  വിശേഷം പറയാന്‍ തുടങ്ങിയതേ ഉള്ളൂ.

പക്ഷെ, പയ്യന്‍ പറഞ്ഞു  "ഇന്ന് ഒരു സംഭവം ഉണ്ടായി"
“എന്തു പറ്റി"
"അച്ഛന്‍ കല്യാണത്തിന്റെ കാര്യം എന്തോ പറയാന്‍ ഉച്ചക്ക് നിങ്ങളുടെ  നമ്പറിലേക്ക് വിളിച്ചതാണ്, എവിടെയോ പോലീസ് സ്റ്റേഷന്‍ ആണ് കിട്ടിയതെന്നു തോന്നുന്നു.  അവരച്ഛനെ തെറി പറഞ്ഞ് ചെവി പൊട്ടിച്ചു.

“എന്റെ ചേട്ടാ അത് ഫോണ്‍ പോലീസ്  സ്റ്റേഷനിലേക്ക് മാറിപ്പോയതല്ല. പോലീസ് മാമന് ആളുമാറിപ്പോയതാണെന്ന്" എന്ന് ഭാഗ്യത്തിനു കുട്ടി പറഞ്ഞില്ല.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും "മിസ്ഡ് കാള്‍ വന്ന് പരിചയപ്പെട്ട ഒരാളുടെ കൂടെ വീട്ടമ്മ ഇറങ്ങിപ്പോയെന്നോ പെണ്‍കുട്ടിയെ ഒരാള്‍ പീഢിപ്പിച്ചുവെന്നോ" ഒക്കെ കേള്‍ക്കുന്നത് ഇപ്പോള്‍ പതിവായിരിക്കുന്നു. അതെന്നെ അതിശയപ്പെടുതുകയും ചെയ്യുന്നു.

ഇതെങ്ങനെ?  ചുമ്മാ ഒരു മിസ്‍ഡ് കോള്‍ വന്നതുകൊണ്ട് എങ്ങനെ ഒരു വീട്ടമ്മ "വലയില്‍ വീഴും".  ഒരു മിസ്ഡ് കോളിന്റെ പരിചയത്തില്‍ ഏതെങ്കിലും പെണ്‍കുട്ടി പരിചയമില്ലാത്ത ആരുടെയെങ്കിലും കൂടെ കറങ്ങാനും ലോഡ്ജില്‍ പോകാനും സമ്മതിക്കുമോ?

എന്റെ വായനക്കാരില്‍ പ്രേമിച്ചിട്ടുള്ള ആണുങ്ങളും പെണ്ണുങ്ങളും ഒക്കെയുണ്ടാകും.  ഒരു മിസ്ഡ് കാള്‍ പോയിട്ട് അഞ്ചു വര്‍ഷം എഞ്ചിനീയറിംഗിന് ഒരുമിച്ച് പഠിച്ച പരിചയം ഉണ്ടെങ്കില്‍ പോലും നമ്മുടെ പെണ്‍കുട്ടികള്‍ തീരെ ശ്രദ്ധിച്ചു മാത്രമേ പയ്യന്‍മാരോടൊപ്പം ഒരു സിനിമക്കു പോലും പോകൂ.  പറ്റിയാല്‍ പകല്‍ സമയത്ത് ആദ്യമാദ്യം മറ്റു കൂട്ടുകാരുടെ അകമ്പടിയിലും ബോഡി ഗാര്‍ഡിലും ഒക്കെ.  വീട്ടമ്മമാരുടെ കാര്യം അതിലും അപ്പുറം ആയിരിക്കണം, കാരണം റിസ്ക്‌ അതിലും കൂടുതല്‍ ആണല്ലോ. (എന്ന് വച്ച് പെണ്‍ കുട്ടികള്‍ കൂട്ടുകാരുടെ കൂടെ കറങ്ങുന്നില്ല എന്നോ വീട്ടമ്മമാര്‍ വിവാഹേതര ബന്ധങ്ങളില്‍ എര്പെടാറില്ല എന്നോ ഞാന്‍ അര്‍ഥമാക്കുന്നില്ല, ഒരു മിസ്ഡ് കോള് കൊണ്ട് മാത്രം ഇതൊന്നും സാധിച്ചെടുക്കാന്‍ പറ്റില്ല എന്നെ ഉദ്ദേശിച്ചുള്ളൂ)

അപ്പോള്‍ ചുമ്മാ ഒരു മിസ്‍ഡ് കോള്‍ വന്ന് വീട്ടമ്മ വീടു വിട്ടിറങ്ങുകയും പെണ്‍കുട്ടി ലോഡ്ജില്‍ എത്തുകയും ഒക്കെ ചെയ്യുന്നതിനു പുറകില്‍ ഫോണിലും കോളിലും അപ്പുറം എന്തോ  ഉണ്ട്.

എന്റെ ഉറച്ച വിശ്വാസം സ്വന്തം ജീവിതത്തില്‍ (വീട്ടിലോ സമൂഹത്തിലോ) കടുത്ത അവഗണനയോ, പീഢനമോ മറ്റു ലൈംഗിക അതിക്രമങ്ങളോ അനുഭവിക്കുന്നവരോ അതോ  ഭയക്കുന്നവരോ ആയിരിക്കണം ഈ മിസ്ഡ് കാളില്‍ എളുപ്പത്തില്‍ പോയി വീഴുന്നത്. അതായത് ഒരു മിസ്ഡ് കോളിലേക്ക് പെണ്‍കുട്ടികള്‍ തീയിലേക്ക് മിന്നാമിനുങ്ങിനെപ്പോലെ ആകര്‍ഷിക്കപ്പെട്ടു വരികയല്ല മറിച്ചു ചുട്ടുപൊള്ളിക്കുന്ന എന്തിലോ അകപ്പെട്ട കുട്ടി മിസ്ഡ് കോളില്‍ ഒരു പിടിവള്ളി കാണുകയാണ്.   ഇത് പലപ്പോഴും വഞ്ചനയിലേക്കോ  കുഴപ്പതിലെക്കോ നയിക്കുമെന്ന് അറിഞ്ഞോ അറിയാതെയോ ആകാം, പക്ഷെ അപ്പോഴത്തെ സാഹചര്യത്തില്‍ ആവശ്യത്തിനുള്ള വിവേചന ബുദ്ധിയോ മറ്റു സാധ്യതകളോ ഇല്ലായിരിക്കാം.

കഴിഞ്ഞ മാസം ഒരു വാര്‍ത്ത വായിച്ചു.  സ്കൂളില്‍ പ‍ഠിക്കുന്ന ഒരു പെണ്‍കുട്ടി വൈകിട്ട് സ്കൂള്‍ വിട്ടിട്ടും വീട്ടില്‍ പോകുന്നില്ല.  അദ്ധ്യാപകര്‍ അന്വേഷിച്ചപ്പോളാണ് അറിയുന്നത്.  രണ്ടു വര്‍ഷമായി സ്വന്തം അച്ഛനും സഹോദരനും  അമ്മാവനും കുട്ടിയെ ലൈംഗികമായി പീഢിപ്പിക്കുകയാണ്. അതിനും രണ്ടു വര്ഷം മുന്‍പ് കുട്ടിയുടെ മൂത്ത സഹോദരി സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തിരുന്നുവത്രേ. അതിന്റെ പിന്നിലും ഇങ്ങനെ എന്തെങ്കിലും ഉണ്ടെന്നു സംശയിചിരുന്നെങ്കിലും അന്വേഷണം ഒന്നും നടത്തിയിരുന്നില്ല പോലും.

ഇങ്ങനെ സ്വന്തം വീട്ടില്‍ സ്വന്തം ബന്ധുക്കളാല്‍ പീഢിപ്പിക്കപ്പെടുന്ന ഒരു കുട്ടി, ആത്മഹത്യ അല്ലാതെ സ്വയ രക്ഷക്ക് വേറെ ഒരു മാര്‍ഗവും ഇല്ല എന്ന് തോന്നുന്ന പെണ്‍കുട്ടി,  മിസ്ഡ് കോള്‍ മൂലമോ അല്ലാതേയോ ഒരു നല്ല വാക്കെങ്കിലും പറയുന്നവരെ വിശ്വസിച്ചാല്‍ അതില്‍ അതിശയിക്കാനുണ്ടോ .  അങ്ങനെയുള്ളവരുടെ കൂടെ ഇറങ്ങിപ്പോകുമ്പോള്‍ വാസ്തവത്തില്‍ അവര്‍ക്ക് നഷ്ടപ്പെടാന്‍ മറ്റൊന്നും തന്നെ ഇല്ല.    മിസ്ഡ് കോളിലെ ചേട്ടന്‍ മര്യാദക്കാരനാവാന്‍ ഒരു സാധ്യതയെങ്കിലും ഉണ്ട്.  സ്വന്തം ചേട്ടന്‍ നീചനാണെന്ന് കുട്ടിക്ക് സ്വാനുഭവത്തില്‍ നിന്നും ഉറപ്പാണല്ലോ.  അപ്പോള്‍ വീടുവിട്ടിറങ്ങിയാല്‍ അതില്‍പ്പരം ഒന്നും വരാനില്ല.തീ പിടിച്ച ഫ്ലാറ്റിലെ പതിനേഴാം നിലയില്‍ ഇരിക്കുന്ന ആളെപ്പോലെ ഉള്ള ഒരു ചിന്തയാണ്. ചാടിയില്ലെങ്ങില്‍ ഏതായാലും വെന്തു ചാവും, ചാടിയാല്‍ ജീവന്‍ ബാക്കി കിട്ടാനുള്ള ഒരു സാധ്യത എങ്കിലും ഉണ്ട്.

 മിസ്ഡ് കോള്‍ തുടങ്ങിയോ ചാറ്റ് ചെയ്തോ നേരെ കണ്ടു പ്രേമിച്ചോ പെണ്‍കുട്ടി കളെയോ വീട്ടമ്മമാരെയോ മുതലെടുക്കുകയോ വഞ്ചിക്കുകയോ ബ്ലാക്ക്മൈല്‍ ചെയ്യുകയോ ചെയ്യുന്ന ക്രിമിനലുകളെ ഞാന്‍ ഒരു തരത്തിലും ന്യായീകരിക്കാന്‍ ശ്രമിക്കുന്നില്ല. കുഴപ്പത്തില്‍ പെട്ടിരിക്കുന്ന സ്ത്രീകള്‍ക് മിസ്ഡ് കോളുകാര്‍ "ഒരു ആശ്വാസവും" നല്‍കുന്നില്ല (ആ സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് അങ്ങനെ തോന്നിയാല്‍ പോലും). അങ്ങനെ ഉള്ളവരെ ശല്യപ്പെടുതലിണോ വഞ്ചനക്കോ  പീഡനത്തിനോ ഒക്കെ മാതൃകാ പരമായി ശിക്ഷിക്കുകയും വേണം.

പക്ഷെ നമ്മുടെ സമൂഹത്തില്‍ പെണ്‍കുട്ടികളും (ആണ്‍കുട്ടികളും) സ്ത്രീകളും അവരുടെ ജീവിത സാഹചര്യങ്ങളില്‍ തന്നെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. അവര്ക് പലപ്പോഴും അതൊന്നും പറയാന്‍ പോലും ആരും ഇല്ല. ഈ ഗാപ്പ് ആണ്  മിസ്ഡ് കോളിലെ പയ്യന്മാരും ചേട്ടന്മാരും ഉപയോഗിക്കുന്നത്. ഇതേ ഗാപ്പ് ആണ് പണ്ട് സാമിമാരും സിദ്ധന്മാരും ഒക്കെ ഉപയോഗിച്ച് കൊണ്ടിരുന്നതും. മിസ്‍‍ഡ് കാളില്‍ വീഴുന്ന പെണ്‍കുട്ടികളെ രക്ഷിക്കേണ്ടത് മൊബൈല്‍ഫോണ്‍ നിരോധിച്ചിട്ടല്ല.  ഒരു മിസ്ഡ് കോളുകാരന്റെ കൂടെ പോലും ഇറങ്ങിപ്പോകാന്‍ തോന്നിക്കുന്ന ജീവിത സാഹചര്യങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കിയാണ്. അങ്ങെനെ ഉള്ള സാഹചര്യത്തില്‍ ഉള്ളവര്‍ക്ക് അത് പറയാനും അതില്‍ നിന്നും രക്ഷ പ്രാപിക്കാനും വേറെ ന്യായവും മാന്യവും ആയ മാര്‍ഗങ്ങള്‍ ഉണ്ടാക്കിയിട്ടാണ്.   ഇതിനാണ് കുടുംബാംഗങ്ങളും സമൂഹവും ഗവര്‍മെന്റും ശ്രദ്ധിക്കേണ്ടത്.